ഡല്‍ഹിയിലെ തീപിടുത്തം; കെട്ടിടത്തിന് എന്‍ഒസി ഇല്ല, ഉടമ ഒളിവില്‍

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 27 പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞെന്നും അയാള്‍ ഒളിവിലാണെന്നും പൊലീസ്. മനീഷ് ലക്രയെന്നയാളാണ് കെട്ടിടത്തിന്റെ ഉടമ. കെട്ടിടത്തിന് എന്‍ഒസി ഉണ്ടായിരുന്നില്ല. ഉടമയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ ഉടന്‍ പിടികൂടുമെന്നും ഡിസിപി സമീര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

തീപിടുത്തത്തില്‍ ഇതുവരെ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യയുണ്ടെന്നു പൊലീസ് പറയുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഞങ്ങള്‍ ഫോറന്‍സിക് സംഘത്തിന്റെ സഹായം തേടും.

ഇന്നലെ വൈകിട്ട് മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കമ്പനി ഉടമകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പിടുത്തമുണ്ടായത്. 24 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ സ്ഥലത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.