ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിൽ സ്ഥിതി സങ്കീർണം, കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായെന്ന് അരവിന്ദ് കെജ്‌രിവാൾ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡൽഹിയിൽ സ്ഥിതി അതിസങ്കീർണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്‌രിവാൾ പറഞ്ഞു.

ആശുപത്രികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ശേഷിക്കുന്നത് 100ൽ താഴെ ഐ.സി.യു. ബെഡുകൾ മാത്രമാണ്. ഓക്‌സിജൻ ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നതായി കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,501 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേർക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേർക്കാണ് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയത് 1,28,09,643 പേർ.

Read more

പ്രതിദിന രോഗികളുെട എണ്ണത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ. ഇന്നലെ അറുപത്തി ഏഴായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലും ഇരുപത്തിയേഴായിരത്തിൽ കൂടുതൽ പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി.