'രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ നിന്ന് ഒളിച്ചു വെയ്ക്കണം; പൗരത്വ നിയമം അടിച്ചേല്‍പ്പിക്കുന്നതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ കൃത്യമായ അജണ്ടയുണ്ട്'-ദീപിക സിംഗ് രജാവത്

ഇന്ത്യയില്‍ പൗരത്വ നിയമം നടപ്പാക്കുന്നതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ കൃത്യമായ അജണ്ടയാണെന്ന് കഠുവ കേസിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ദീപിക സിംഗ് രജാവത്.

പീഡനം അനുഭവിച്ച് ഒളിച്ചോടി വരുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് നിയമമെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ഇവിടെ മുസ്ലീങ്ങളെ മാത്രം ഒഴിവാക്കുന്നു. ധൃതി കൂട്ടി ഇങ്ങനെയൊരു നിയമം അടിച്ചേല്‍പ്പിക്കുന്നതിന് കൃത്യമായ അജണ്ടയുണ്ട്, ദീപിക പറയുന്നു. ഇന്ത്യയിലെ സാമ്പത്തിക അവസ്ഥയെ കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്നു. തൊഴിലില്ലായ്മയെ കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്നു, മുത്തലാഖ് നിയമത്തെ കുറിച്ചും കശ്മീര്‍ വിഷയത്തെ കുറിച്ചും എല്ലാവരും ചര്‍ച്ച ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് രംഗത്തെത്തിയത്.

എന്നാല്‍ രാജ്യത്തിന്റെ മതേതര കാഴ്ചപ്പാട് തകര്‍ക്കുന്ന നിയമമാണിത്. അതിനെ എതിര്‍ത്തേ മതിയാവൂ. ഭരണഘടന സംരക്ഷിക്കണമെന്ന ബോദ്ധ്യമുള്ള എല്ലാവരും നിയമത്തിനെതിരെ സമരം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് ബോദ്ധ്യമുള്ളവര്‍ തന്നെയാണ് നമ്മള്‍ ഓരോരുത്തരും.

പൗരത്വ നിയമത്തിനെതിരായ കേരളത്തിന്റെ നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് ദീപിക പറഞ്ഞു. “കേരളം ഇപ്പോള്‍ തന്നെ ഈ നിയമത്തിനെതിരെ സഭയില്‍ പ്രമേയം പാസാക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു കഴിഞ്ഞു. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളും നിലപാടെടുക്കണം. ഇതൊരു സത്യാഗ്രഹ സമര രീതിയാണ്. ഇങ്ങനെ ഭൂരിഭാഗം സംസ്ഥാനങ്ങള്‍ എതിര്‍ നിലപാട് സ്വീകരിക്കുമ്പോള്‍ അത് കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കൃത്യമായ സന്ദേശമായി മാറും”, ദീപിക വ്യക്തമാക്കി.