മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കം; ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

മഹാരാഷ്ട്ര ഭരണ പ്രതിസന്ധിയില്‍ ബിജെപിയുടെ നിര്‍ണായക നീക്കം. ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു.

ശിവസേനയുടെ 39 എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ പിന്‍വലിച്ചതായും ഇതോടെ മഹാവികാസ് അഘാഡി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവര്‍ണറെ അറിയിച്ചതായി ഫട്‌നാവിസ് പറഞ്ഞു.
നാളെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും രാജ്ഭവന്‍ നിഷേധിച്ചു.

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് രാജ്ഭവന്‍ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍ ഇന്ന് ഔദ്യോഗികമായി സര്‍ക്കാറിന് നല്‍കുമെന്നാണ് വിവരം.

അതിനിടെ ശിവസേനയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്ത സമയത്ത് തന്നെ ഉദ്ധവ് താക്കറെ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ച് രം?ഗത്തു വന്നിരുന്നു. ഷിന്‍ഡേ ക്യാമ്പ് അനുനയത്തിന് തയാറാകാത്ത സാഹചര്യത്തില്‍ സഭ വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം സര്‍ക്കാറും ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചേക്കും.