കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായാണ് വ്യോമസേന വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസമിലെ ജോർഹട്ടിലെ വ്യോമതാവളത്തിൽ നിന്നും അരുണാചലിലെ മേച്ചുകിലേക്ക് പുറപ്പെട്ട വ്യോമ സേനയുടെ എ എൻ 32 വിമാനമാണ് ജൂണ്‍ 3ന് തകർന്നു വീണത്.  മലയാളികളടക്കം 13 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

Read more

വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സൈനിക വിമാനങ്ങളും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നേരത്തെ വിമാനം വീണത് പായും ഗ്രാമത്തിനരികിലാണെന്ന റിപ്പോർട്ടുകളെ വ്യോമസേന നിഷേധിച്ചിരുന്നു. മലയാളിയായ ഫ്ലൈറ്റ് എൻജിനീയർ അനൂപ് കുമാർ ഉൾപ്പടെ വ്യോമസേനയുടെ ഏഴു ഓഫീസർമാരും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.