ഡി. രാജ സി.പി.ഐ ജനറല്‍ സെക്രട്ടറിയാകും

മുതിര്‍ന്ന നേതാവ് ഡി. രാജ സി.പി.ഐ ജനറല്‍ സെക്രട്ടറിയാകും. സ്ഥാനമൊഴിയുന്ന സുധാകര്‍ റെഡ്ഢിക്ക് പകരമാണ് രാജ ജനറല്‍ സെക്രട്ടറിയാകുന്നത്. ദേശീയ കൗൺസിൽ ചേർന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. ദേശീയരംഗത്തെ ഇടപെടൽ, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവയാണ് ഡി. രാജയ്ക്ക് അനുകൂലമായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചിരുന്നു. ബിനോയ് വിശ്വത്തിന്റെ പേരും യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ബിനോയ് വിശ്വം അറിയിച്ചു.