ഡി. രാജ സി പി ഐ ജനറൽ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയാകുന്ന ആദ്യ ദളിത് നേതാവ്

ഡി. രാജ യെ സി പി ഐ യുടെ ജനറൽ സെക്രെട്ടറിയായി ദേശീയ കൗൺസിൽ നിശ്ചയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതൃ സ്ഥാനത്ത് ഒരു ദളിത് നേതാവെത്തുന്നത് ഇതാദ്യമാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. രാജയുടെ രാജ്യസഭാംഗത്വം ഈമാസം 24-നു തീരും.

എ.ഐ.ടി.യു.സി സെക്രട്ടറി അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നായിരുന്നു കേരളം, തമിഴ്‌നാട്, പഞ്ചാബ് ഘടകങ്ങളുടെ താത്പര്യമെങ്കിലും ഭിന്നതകള്‍ ഒഴിവാക്കണമെന്ന സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയുടെ നിര്‍ദേശത്തിനു വഴങ്ങുകയായിരുന്നു. കേരളാ ഘടകത്തിന്റെ പ്രത്യേക താത്പര്യത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരാന്‍ കഴിഞ്ഞവര്‍ഷം റെഡ്ഢി സമ്മതിച്ചത്.ജെ.എന്‍.യു സമരനേതാവ് കനയ്യ കുമാറിനെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നുള്ള രാജി സന്നദ്ധത റെഡ്ഢി അറിയിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2012-ലായിരുന്നു റെഡ്ഢി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയത്.

1949 ജൂണ്‍ മൂന്നിന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലുള്ള ചിത്തത്തൂരിലാണ് ദൊരൈസാമി രാജയുടെ ജനനം. ഭാര്യ ആനി രാജ സിപിഐ ദേശീയ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. മകള്‍ അപരാജിത രാജ ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവായിരുന്നു.