' സ്ത്രീകളുടെ കണ്ണുനീരിന്റെ ശാപം'; അസംഖാനെതിരെ ആഞ്ഞടിച്ച് ജയപ്രദ

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കവെ പൊട്ടിക്കരഞ്ഞ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് ജയപ്രദ. നിരവധി സ്ത്രീകളെ അപമാനിച്ചതിന്റെ പേരില്‍ അസംഖാന്‍ ഇപ്പോള്‍ കരയുകയാണെന്ന് അടുത്തിടെ നടന്ന പൊതു റാലിയില്‍ അസംഖാന്‍ പൊട്ടിക്കരഞ്ഞത് ചൂണ്ടിക്കാട്ടി ജയപ്രദ പറഞ്ഞു.

“അയാള്‍ കാരണം സ്ത്രീകള്‍ പൊഴിച്ച കണ്ണീരിന്റെ ശാപമാണിത്. ഇപ്പോള്‍ എല്ലാ പൊതുയോഗങ്ങളിലും അദ്ദേഹം കരയുന്നു. അദ്ദേഹം എന്നെ ഒരു നല്ല നടിയെന്ന് വിളിക്കാറുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ അദ്ദേഹം എന്താണ് ചെയ്യുന്നത്? ജയപ്രദ ചോദിച്ചു.പടിഞ്ഞാന്‍ ഉത്തര്‍പ്രദേശിലെ രാംപൂരില്‍ വെച്ചാണ് ഇക്കാര്യം പറഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതം അട്ടിമറിക്കാന്‍ രാംപൂര്‍ എംപി അസംഖാന്‍ ശ്രമിച്ചുവെന്ന് ജയപ്രദ നേരത്തെ ആരോപിച്ചിരുന്നു.

ആടുകളെയും കോഴികളെയും മോഷ്ടിക്കുന്ന ആളാണ് താനെന്ന് മുദ്രകുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അസംഖാന്‍ പൊട്ടിക്കരഞ്ഞത്. മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയില്‍ നടത്തിയ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അസംഖാന്‍ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിന് ഖാന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് (എസ്‌ഐടി) മുമ്പാകെ ഹാജരായിരുന്നു. അദ്ദേഹത്തെ രണ്ടര മണിക്കൂര്‍ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു

“ഐ.പി.സി 307 (കൊലപാതകശ്രമം) ചുമത്തി എന്നെ അപമാനിച്ചു. എന്റെ ആത്മാഭിമാനം എന്നെ സംബന്ധിച്ചിടത്തോളം വലുതാണ്. ഞാന്‍ ആടുകളെയും കോഴികളെയും മോഷ്ടിച്ചുവെന്ന ആരോപണം ഇപ്പോഴും എനിക്ക് മേല്‍ നില്‍ക്കുന്നു. ദൈവമേ, ഞാന്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അങ്ങ് എന്റെ ജീവനെടുക്കാത്തത്”- യു.പി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഖാന്‍ ചോദിച്ചു. 80 ഓളം കേസുകളാണ് അസംഖാനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.