തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ മകളെ പിതാവ് കുത്തിക്കൊലപ്പെടുത്തി

തന്റെ ഇഷ്ടത്തിന് വിരുദ്ധമായി മറ്റൊരാളെ വിവാഹം ചെയ്തതിനു ഗര്‍ഭിണിയായ മകളെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ഗട്കോപ്പറിലെ തെരുവില്‍ വെച്ചാണ് രാജ്കുമാര്‍ ചൗരസ്യ എന്ന 55 വയസുകാരന്‍  മകള്‍ മീനാക്ഷി ബ്രിജേഷ് ചൗരസ്യയെ കൊലപ്പെടുത്തിയത് . ഇയാളെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 20 വയസ് പ്രായമുള്ള യുവതിയുടെ ശരീരം തൊണ്ട കീറിയ നിലയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

രാജ്കുമാര്‍ കണ്ടെത്തിയ യുവാവിനെ വിവാഹം കഴിക്കാന്‍ മീനാക്ഷി വിസമ്മതിക്കുകയും ഫെബ്രുവരിയില്‍ ഇവരുടെ തന്നെ ഗ്രാമത്തിലെ അകന്ന ബന്ധത്തിലുള്ള ബ്രിജേഷ് ചൗരസ്യ എന്ന യുവാവുമൊത്ത് ഒളിച്ചോടുകയും ചെയ്തു . മാര്‍ച്ചില്‍ മധ്യപ്രദേശിലെ സട്‌നയില്‍ വെച്ച് ഇരുവരും വിവാഹിതരായി. മുംബൈയിലേക്ക് തിരിച്ചു പൊന്നു . ഇതില്‍ മകളോട് പക തോന്നിയ രാജ്കുമാര്‍ മീനാക്ഷിയെ കൊലപ്പെടുത്തുകയായിരുന്നു.

മറ്റൊരാളുമായി മീനാക്ഷിയുടെ വിവാഹം മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കല്യാണ ക്ഷണക്കത്തു വരെ അടിച്ചു . തുടര്‍ന്നാണ് മീനാക്ഷി ബ്രിജേഷിന്റെ ഒപ്പം ഒളിച്ചോടിയതെന്നു ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അഖിലേഷ് കുമാര്‍ സിംഗ് പറഞ്ഞു.

ഈ വര്‍ഷം അവസാനം ഗണപതി ഉത്സവത്തിനായി യു.പിയിലെ അവരുടെ ഗ്രാമത്തിലേക്ക് മടങ്ങാനുള്ള മീനാക്ഷിയുടെ തീരുമാനമാണ് കോല ചെയ്യാനുള്ള പ്രേരണ എന്ന് പൊലീസ് പറയുന്നു. മകളുടെ ഒളിച്ചോട്ടം രാജ്കുമാറിനും കുടുംബത്തിനും നാണക്കേടുണ്ടാക്കുകയും മകള്‍ രാജ്കുമാറിനെ അനുസരിച്ചില്ലെന്നു ഗ്രാമവാസികള്‍ കുറ്റപ്പെടുത്തിയതായും പൊലീസ് പറയുന്നു. മകള്‍ വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതായി രാജ്കുമാര്‍ സംശയിച്ചിരുന്നു. ഇരുവരുടെയും മടങ്ങിവരവ് ഗ്രാമത്തില്‍ അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്ന് ഭയന്നാണ് കൊല നടത്തിയത് .

ശനിയാഴ്ച വൈകുന്നേരം വസ്ത്രങ്ങള്‍ വാങ്ങാന്‍ പണം തരാമെന്നു പറഞ്ഞു മകളോട് ഗട്കോപ്പറില്‍ വരാന്‍ ആവശ്യപ്പെട്ടു. മീനാക്ഷി എത്തിയപ്പോള്‍ രാജ്കുമാര്‍ കുറച്ചു പണം റോഡിലേക്ക് എറിയുകയും എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മീനാക്ഷി എടുക്കാനായി കുനിഞ്ഞപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും തലയിലും മാരകമായി മുറിവേല്‍പ്പിച്ചു.

മൃതദേഹം കണ്ടെത്തിയ ശേഷം പോലീസ് ബ്രിജേഷിനെയും മീനാക്ഷിയുടെ രക്ഷിതാക്കളെയും ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ രാജ്കുമാര്‍ സംഭവം നടന്ന സമയം താന്‍ ചെമ്പൂരില്‍ ആണെന്നാണ് പോലീസിനോടു പറഞ്ഞത്. ചോദ്യംചെയ്യലില്‍ രാജ്കുമാര്‍ രോക്ഷാകുലനായതോടെയാണ് പൊലീസിന് ഇയാളില്‍ സംശയം തോന്നിയത്. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കുകയും ഇതു മീനാക്ഷി നിന്ന സ്ഥലമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ രാജ്കുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു

രാജ്കുമാറിനെതിരെ പൊലീസ്  302 സെക്ഷന്‍ പ്രകാരം കൊലപാതകത്തിന് കേസെടുത്തു .