സീതാറാം യെച്ചൂരിയും കാരാട്ടും ഡി. രാജയും ബൃന്ദ കാരാട്ടും ഹത്രാസിലേക്ക്; പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി പി എം, സി പി ഐ ദേശീയ നേതാക്കള്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ  ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നത്.

സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടാകും. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, സി ഐ ടി യു  ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

സെപ്റ്റംബര്‍ 14- നാണ് 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ട ബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. അതീവ ​ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഡൽഹിയിൽ ചികിൽസയിലിരിക്കെ മരിച്ചു. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ യുപി പൊലീസ് രാത്രി തന്നെ സംസ്കരിച്ചതും വിവാദമായിരുന്നു.  കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് നടക്കുന്നത്.

അതിനിടെ ഹത്രാസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനടക്കം യുപി പൊലീസ് കേസെടുത്തു. രാജ്യദ്രോഹ കുറ്റത്തിന് പുറമെ തിരിച്ചറിയാനാവാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ ഗൂഢാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍, അപവാദ പ്രചാരണം, വഞ്ചനാകുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട്  ജസ്റ്റിസ് ഫോര്‍ ഹത്രാസ് വിക്ടിം എന്ന  വെബ്സൈറ്റില്‍ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.

സമരങ്ങളിലെ പൊലീസ് നടപടിയെ ചെറുക്കാന്‍ അമേരിക്കയില്‍ അടുത്തിടെ  കറുത്ത വര്‍ഗക്കാര്‍ നടത്തിയ സമരത്തിലെ രീതികള്‍ സ്വീകരിക്കണമെന്ന ആഹ്വാനം  വെബ്സൈറ്റിലുണ്ടെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്.