തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇന്റര്‍നെറ്റ് സ്വകാര്യത ഉള്‍പ്പെടുത്തിയിരിക്കുന്നത് സി.പി.എം മാത്രം; അതിഗുരുതര വിഷയം കോണ്‍ഗ്രസും ബി.ജെ.പിയും അറിഞ്ഞിട്ടു പോലുമില്ലെന്ന ചോദ്യം ഉയരുന്നു

ഇന്റര്‍നെറ്റ് ലോകം ശക്തി പ്രാപിക്കുന്നതിനൊപ്പം വളരുന്ന ഡിജിറ്റല്‍ സ്വകാര്യത ലംഘനങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ ശബ്ദമുയര്‍ത്തുന്നത് സിപിഎം മാത്രം. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങി ലോകോത്തര ടെക്ക് ഭീമന്മാര്‍ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ത്തുകയും പരസ്യ വിപണനത്തിനും മറ്റും വില്‍പ്പന നടത്തുന്നത് നിലവില്‍ ശക്തമായ ചര്‍ച്ചയ്ക്ക് വഴി വെച്ചിട്ടുണ്ട്. ഇത്തരം വിവാദങ്ങള്‍ ശക്തമായി നില നില്‍ക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പത്രികയില്‍ ഡിജിറ്റല്‍ സ്വകാര്യത ഉറപ്പു വരുത്തുമെന്ന് സിപിഐഎം പ്രഖ്യാപിച്ചത്.

പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയുള്ള നിരീക്ഷണങ്ങളും ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ബയോമെട്രിക്ക് സംവിധാനം ഉപയോഗിക്കുന്നതും നിര്‍ത്തലാക്കുമെന്നാണ് സിപിഎമ്മിന്റെ പ്രകടന പത്രികയില്‍ പറയുന്നത്. കോടിക്കണക്കിന് ആളുകളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ആധാറിനെതിരെ നേരത്തെ തന്നെ വിവാദം ശക്തമാണ്.

രാജ്യത്തെ ഏത് കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന ആഭ്യന്തര മന്ത്രാലയം ഉത്തരവും രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസയക്കുകയും ചെയ്തിരുന്നു.

ഐടി ആക്ടിലെ 69 (2) വകുപ്പ് പ്രകാരം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരന്മാരുടെ ഓരോ ചലനവും നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ അജന്‍ഡയുടെ ഭാഗമാണെന്നായിരുന്നു ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ഉള്‍പ്പെട്ട സംഘടനകള്‍ അന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.

സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയുടെ 14, 19,20,21 അനുച്ഛേദങ്ങളുടെയും സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിയുടെയും ലംഘനമാണ്. വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനും കൈമാറാനും സ്വീകരിക്കാനും എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും സ്വതന്ത്രമായ ആശയാവിഷ്‌കാരത്തിന് വിഘാതമുണ്ടാക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സീമാതീതമായ അധികാരം കൈമാറുന്നത് പ്രതികൂലമായി ബാധിക്കുമെന്നും ഫ്രീഡം ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പൗരന്മാരുടെ കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള മൗലികാവകാശത്തിന് എതിരായ കടന്നാക്രമണമാണെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തിരുന്നത്.

പൗരന്‍മാരുടെ സ്വകാര്യതയെ ലംഘിക്കുന്ന ഏതെങ്കിലും നിരീക്ഷണത്തില്‍ വ്യക്തമായ വ്യവസ്ഥകളും ജുഡീഷ്യല്‍ മേല്‍നോട്ടവും ഉണ്ടായിരിക്കണം. വാണിജ്യപരമായ ഉപയോഗത്തിനായുള്ള സ്വകാര്യ ഡാറ്റ ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഡാറ്റ സ്വകാര്യതാ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രചാരണ പത്രിക പുറത്തിറക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

Read more

കേന്ദ്രത്തില്‍ അധികാരത്തിനായി തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന ബിജെപി പൗരന്മാരെ പരമാവധി നിരീക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ് ഇത്തരം സംഭവങ്ങള്‍ അറിഞ്ഞതായി പോലും കാണിക്കുന്നില്ല. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ജനാധിപത്യത്തിനെതിരേയുള്ള അക്രമമാണെന്നാണ് സിപിഎം പ്രചാരണ പത്രികയില്‍ പറയുന്നത്.