ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സി.പി.ഐ.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു

ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ രവി മേഹ്ത പറഞ്ഞു.

2012ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സിപിഐഎം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് അന്ന് സിപിഐഎം വിജയിച്ചത്. എന്നാല്‍ 2017ല്‍ ഒരു സീറ്റില്‍ മാത്രമേ സിപിഐഎമ്മിന് വിജയിക്കാനായിരുന്നുള്ളൂ. ഈ സീറ്റില്‍ വിജയിച്ച അംഗമാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് നേതാക്കള്‍ ബിജെപിയിലെത്തുന്നതെന്നും രവി മേഹ്ത പറഞ്ഞു. കൂടുതല്‍ ഇടതുനേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമം.