ഗോപൂജയ്ക്കിടയില്‍ സ്വര്‍ണമാല വിഴുങ്ങി പശു; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

സ്വര്‍ണമാല വിഴുങ്ങിയ പശുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി മാല പുറത്തെടുത്തു. കര്‍ണാടകയിലെ സിര്‍സി താലൂക്കിലെ ഹീപനഹള്ളയിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവാണ് മാല വിഴുങ്ങിയത്.

ഇവിടെ ചിലര്‍ പശുവിനെ പവിത്രതയുടെ പ്രതീകമായും, സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ ഒരു രൂപമായും കണക്കാക്കുന്നു. ദീപാവലി ദിവസം ഗോപൂജയും നടത്താറുണ്ട്. പശുക്കളെ പൂമാലകളും സ്വര്‍ണാഭരണങ്ങളും അണിയിച്ച് ഒരുക്കിയതിന് ശേഷമാണ് പൂജ നടത്തുന്നത്. ശ്രീകാന്ത് ഹെഗ്ഡേ പൂജയുടെ ഭാഗമായി തന്റെ 4 വയസ് പ്രായമുള്ള പശുവിനെ 20ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് അണിയിച്ചിരുന്നു.ഇതാണ് പശു വിഴുങ്ങിയത്.

പൂജയ്ക്കു ശേഷം പൂമാലകളും സ്വര്‍ണമാലയും അഴിച്ച് മാറ്റി പശുവിന്റെ അടുത്ത് തന്നെ വെച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞ് നോക്കിപ്പോള്‍ മാല കാണാനില്ല. വീടു മുഴുവന്‍ അന്വേഷിച്ചിട്ടും മാല കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് പശു വിഴുങ്ങിയിട്ടുണ്ടാകുമോ എന്ന സംശയം തോന്നിയത്. സംശയത്തെ തുടര്‍ന്ന് ഒരു മാസത്തോളം ഇവര്‍ പശുവിന്റെ ചാണകം പരിശോധിച്ചു. എന്നിട്ടും മാല കിട്ടാഞ്ഞതിനാല്‍ മൃഗ ഡോക്ടറെ സമീപിക്കുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ മാല പശുവിന്റെ ശരീരത്തിനുള്ളില്‍ തന്നെ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് സ്‌കാനിംഗിലൂടെ മാല ശരീരത്തിന്റെ ഏത് ഭാഗത്താണെന്ന് കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നു. മാലയുടെ ഒരു ഭാഗം കാണാതായതായി ശ്രീകാന്ത് പറഞ്ഞു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മാലയ്ക്ക് 18 ഗ്രാം തൂക്കമേ ഉള്ളൂ. ഏകദേശം 80,000 രൂപയാണ് ഈ സ്വര്‍ണമാലയുടെ വില.

മാല തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അതേ സമയം പശുവിന് മേജര്‍ ശസ്ത്രക്രിയയിലൂടെ കടന്ന് പോകേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും ശ്രീകാന്തും കുടുംബവും പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിച്ച വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.