ഐ.ഐ.ടി ക്ലാസ് മുറിയില്‍ പശു; ഇന്ത്യയുടെ പുതിയ മുഖമെന്ന് ട്വിറ്ററില്‍ പരിഹാസം

തെരുവോരങ്ങളില്‍ പശുക്കളെ കാണുന്നത് സാധാരണമാണ്. എന്നാല്‍ ഐ.ഐ.ടി ക്ലാസ് മുറിയില്‍ പശുവിനെ കാണുന്നത് അത്ര സാധാരണമല്ല. അത്തരമൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബോംബെ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍.

സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ പശു ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുന്നത് കാണാം. പശുവിനെ കണ്ട് വിദ്യാര്‍ത്ഥികള്‍ പേടിച്ച് വഴിമാറുന്നതും വീഡിയോയില്‍ കാണാം.

പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും പുതിയ ഇന്ത്യയുടെ മുഖമാണെന്നും പറഞ്ഞുള്ള പരിഹാസ ട്വീറ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

എന്നാല്‍ ഐ.ഐ.ടി അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടില്ല. ഇത് ഏത് കാമ്പസാണെന്നത് വ്യക്തമല്ലെന്നും ഇനി ഐ.ഐ.ടി ബോംബെയാണെങ്കില്‍ തന്നെ പുതിയ വീഡിയോ ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഐ.ഐ.ടി അധികൃതര്‍ പ്രതികരിച്ചു.

“ഈ വീഡിയോയിലുള്ളത് ഏത് ഐ.ഐ.ടിയുമാകാം. മാത്രമല്ല തിയതി രേഖപ്പെടുത്താത്തത് കൊണ്ട് തന്നെ പഴയ വീഡിയോയുമാവാം” ഐ.ഐ.ടി ബോംബെ വക്താവ് പറയുന്നു.