കോവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അവലോകന യോഗം

രാജ്യത്ത് നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം 4.30 ന് യോഗം ചേരും. രാജ്യത്തുടനീളം പുതിയ കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആണിത്.

അതേസമയം, ഞായറാഴ്ച പുറത്ത് വിട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 552 പുതിയ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ ഇതുവരെ 3,623 ആയി. 1409 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുകയാണ്. 1,59,632 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 327 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്.

5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.