രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം, പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തിനടുത്ത്, ഒമൈക്രോണ്‍ 4,868

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാളും 15.8 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനമായി ഉയര്‍ന്നു.

442 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,84,655 ആയി ഉയര്‍ന്നു. നിലവില്‍ 9,55,319 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 21 ദിവസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,405 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വാക്‌സിനേഷന്‍ 153 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 120 ജില്ലകളിലെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമാണ്.

അതേസമയം രാജ്യത്തെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണത്തിലും വര്‍ദ്ധന രേഖപ്പെടുത്തി. 4,868 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,805 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 1,281 കേസുകള്‍. തൊട്ടുപിന്നില്‍ രാജസ്ഥാനാണ്, 645 കേസുകള്‍. 546 കേസുകളുമായി ഡല്‍ഹി മൂന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.