കോവിഡ് പിടിമുറുക്കുന്നു, പ്രതിദിന കേസുകള്‍ ഒന്നര ലക്ഷത്തിനടുത്ത്, ഒമൈക്രോണ്‍ 3,071

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 285 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,83,463 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 40,895 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 21.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.28% ശതമാനമാണ്. നിലവില്‍ 4,72,169 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 40,925 കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. പശ്ചിമബംഗാള്‍ 18,213, ഡല്‍ഹി 17,335, തമിഴ്‌നാട് 8,981, കര്‍ണാടക 8,449 എന്നിങ്ങനെയാണ് രോഗികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെ കണക്കുകള്‍. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അതേസമയം രാജ്യത്തെ ആകെ കോവിഡ് വാക്‌സിനേഷന്‍ 150.06 കോടി ഡോസുകള്‍ പിന്നിട്ടു.

രാജ്യത്തെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധന രേഖപ്പെടുത്തി. ഇന്നലെ മാത്രം 64 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ ഒമൈക്രോണ്‍ കേസുകള്‍ 3,071 ആയി ഉയര്‍ന്നു. 1,203 പേര്‍ രോഗമുക്തരായി. രാജ്യത്തെ 27 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലും ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ തന്നെയാണ്. 876 കേസുകള്‍. പിന്നാലെ ഡല്‍ഹി 513, കര്‍ണ്ണാടക 333, രാജസ്ഥാന്‍ 291, കേരളം 284, ഗുജറാത്ത് 209 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.