തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറന്നതിന് ശേഷം അധ്യാപകരും വിദ്യാർത്ഥികളുമടക്കം 30 പേര്‍ക്ക് കോവിഡ്

സെപ്റ്റംബർ ഒന്നിന് ഏകദേശം ഒരു വർഷം കഴിഞ്ഞ് തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നതിന് ശേഷം 20 ഓളം വിദ്യാർത്ഥികൾക്കും 10 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു.

സെപ്റ്റംബർ 3 മുതലുള്ള കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ചൊവ്വാഴ്ച, ഏറ്റവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ചെന്നൈയിലെ ഒരു സ്വകാര്യ സ്കൂളിൽ നിന്നാണ്. ബെംഗളൂരുവിലേക്ക് സമീപകാലത്ത് യാത്ര ചെയ്ത ഒരു ആൺകുട്ടിയും അവന്റെ മാതാപിതാക്കളും കോവിഡ് പോസിറ്റീവായി. ഇതേ തുടർന്ന് സ്കൂളിലെ മറ്റ് 120 ഓളം വിദ്യാർത്ഥികളിൽ കോവിഡ് ടെസ്റ്റ് നടത്തും.

“ഏതെങ്കിലും സ്കൂളിൽ വിദ്യാർത്ഥികളോ അധ്യാപകരോ പോസിറ്റീവ് ആണെങ്കിൽ, സ്ഥാപനം ഉടൻ സീൽ ചെയ്യുകയും സാനിറ്റൈസേഷനും മറ്റ് നടപടിക്രമങ്ങളും പിന്തുടരുകയും ചെയ്യും. കോവിഡ് ബാധിച്ചവർക്ക് ഉടൻ വൈദ്യസഹായം നൽകും. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിൽ കോവിഡ് പരിശോധന നടത്തും.” സംസ്ഥാന ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.

നിരവധി വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകൾ ആവശ്യപ്പെട്ടതോടെ സംസ്ഥാന സർക്കാർ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി മുൻകരുതൽ നടപടികൾ ഏർപ്പെടുത്തി. സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികൾക്കും മറ്റ് ജീവനക്കാർക്കും പൂർണ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കി.

പകർച്ചവ്യാധി സമയത്ത് ക്ലാസ്സിൽ നേരിട്ട് പങ്കെടുക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ രക്ഷിതാക്കളുടെ അംഗീകാരം നേടിയ ശേഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.