ഇന്ത്യയിലെ കോവിഡ് മരണം; വിദേശ മാധ്യമങ്ങളുടെ കണക്ക് തള്ളി കേന്ദ്രം

രാജ്യത്തെ കോവിഡ് മരണസംഖ്യ സംബന്ധിച്ചുള്ള വിദേശമാധ്യമങ്ങളുടെ കണക്കുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നാല്‍പത് ലക്ഷത്തോളം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയതായാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020ലെ മരണസംഖ്യയെ കുറിച്ചുള്ള ഈ കണക്കുകളാണ് കേന്ദ്രം തള്ളിയത്.

2019ല്‍ ഇന്ത്യയില്‍ 76 ലക്ഷം മരണമാണ് രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ മരണ സംഖ്യ 81 ലക്ഷമായി. ആറു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത് രാജ്യത്തെ മരണസംഖ്യയില്‍ അസാധാരണ വര്‍ദ്ധനവുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. സര്‍ക്കാരിന്റെ വാദത്തെ സാധൂകരിക്കുന്നതാണ് സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം കണക്കുകള്‍. 2020ല്‍ 1.42 ലക്ഷം മരണങ്ങളാണ് കോവിഡ് മരണമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് രജിസ്ട്രാര്‍ ജനറലിന്റെ കണക്കുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിദേശ മാധ്യമങ്ങള്‍ നല്‍കിയ കണക്കുകളെ തള്ളിയ കേന്ദ്രം ലോകാരോഗ്യസംഘടന മരണം കണക്കാക്കുന്ന രീതി തെറ്റാണെന്നും വിമര്‍ശിക്കുന്നു. ഇക്കാര്യത്തില്‍ ഡബ്ലൂഎച്ചഒയോട് ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആഗോള തലത്തില്‍ ഒരു കോടി അമ്പത് ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 61 ലക്ഷമാണ് നിലവില്‍ ആഗോളതലത്തിലെ മരണസംഖ്യ.