രാജ്യത്ത് കോവിഡ് രോഗികള്‍ 75 ലക്ഷം കടന്നു; പ്രതിദിന കേസുകളില്‍ കുറവ്‌, 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 55,722 പേര്‍ക്ക് 

സമീപകാലത്ത് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ ഇന്ന് ഏറ്റവും കുറവ്. 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 579 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.  കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11,256 പേരുടെ കുറവാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു. ഇതില്‍ 7,72,055 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 66,63,608 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 66,399 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ രോഗികളുടെ എണ്ണം 40 ദശലക്ഷത്തോടടുക്കുന്നു. 39.8 ദശലക്ഷം പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ രോഗം ബാധിച്ചത്. യൂറോപ്പിലും യുഎസിലും ഇന്ത്യയിലും പ്രതിദിന രോഗികളുടെ എണ്ണം 50,000- ന് മുകളിലാണ്.