വ്യാപം അഴിമതിക്കേസിൽ 200 പേർക്കെതിരെ അറസ്റ്റ് വാറന്റ്

മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസില്‍ 592 പേരെ പ്രതിചേര്‍ത്തിട്ടുള്ള കുറ്റപത്രത്തിൽ 200 പ്രതികള്‍ക്കെതിരെ ഭോപ്പാല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സിബിഐ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ വാദം കേട്ടതിനു ശേഷമാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മധ്യപ്രദേശ് വ്യാവസായിക പരീക്ഷാ മണ്ഡല്‍ വിവിധ കോഴ്‌സുകളിലേക്കും ജോലികള്‍ക്കുമായി നടത്തിയ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നതാണ് വ്യാപം കേസ്.

2012ലെ വ്യാപം അഴിമതി കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 31-ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 347 പ്രതികളുണ്ടായിരുന്നു. ഇപ്പോള്‍ 245 പേരെക്കൂടി അധികമായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

Read more

നാല് വ്യാപം ഉദ്യോഗസ്ഥര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിൽ ഉൾപ്പെടും. മെഡിക്കല്‍ എജ്യുക്കേഷന്‍ മുന്‍ ഡയറക്ടര്‍ എസ്.സി. തിവാരി, മുന്‍ ജോയന്റ് ഡയറക്ടര്‍ എം.എന്‍. ശ്രീവാസ്തവ, വ്യാപം മുന്‍ ഡയറക്ടര്‍ പങ്കജ് ത്രിവേദി, മുന്‍ സീനിയര്‍ സിസ്റ്റം അനലിസ്റ്റ് നിതിന്‍ മൊഹീന്ദ്ര, മുന്‍ ഡെപ്യൂട്ടി സിസ്റ്റം അനലിസ്റ്റ് അജയ് കുമാര്‍ സെന്‍, പ്രോഗ്രാമര്‍ സി.കെ. മിശ്ര എന്നിവരാണ് പ്രതിപ്പട്ടികയിലെ പ്രമുഖര്‍.