ദമ്പതികളെ കൊലപ്പെടുത്തി എട്ട് കിലോ സ്വര്‍ണവും അമ്പത് കിലോ വെള്ളിയും മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍

ദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണവും വെള്ളിയും കവര്‍ന്ന പ്രതികള്‍ പിടിയിലായി. വ്യവസായിയായ ചെന്നൈ മൈലാപ്പുര്‍ വൃന്ദാവന്‍ സ്ട്രീറ്റിലെ ദ്വാരക കോളനിയില്‍ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവര്‍ നേപ്പാള്‍ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ ഓങ്കോളില്‍നിന്നാണ് ഇവരെ പിടികൂടിയത്.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തോളമായി യുഎസ്സിലായിരുന്ന ദമ്പതികള്‍ ഇന്നലെ പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തില്‍നിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട് സഹായി രവിയുമായി ചേര്‍ന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഫാം ഹൗസില്‍ കുഴിച്ചിട്ടു.

തുടര്‍ന്ന് 8 കിലോ സ്വര്‍ണവും 50 കിലോ വെള്ളിയുമായി ഒളിവില്‍ പോകുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് അഡീഷനല്‍ പൊലീസ് കമ്മിഷണര്‍ എന്‍. കണ്ണന്‍ വ്യക്തമാക്കി.

ഇതിനിടെ, മാതാപിതാക്കളെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് യുഎസ്സിലുള്ള മകളുടെ നിര്‍ദ്ദേശപ്രകാരം ഒരു ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. ഇരുവരുടെയും മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കൃഷ്ണ സ്ഥലത്തില്ലെന്ന് പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് കൃഷ്ണയുടെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് കൂട്ടുപ്രതിക്കൊപ്പം ഇയാളെ ആന്ധ്രയില്‍നിന്ന് പിടികൂടിയത്. നേപ്പാളിലേക്കു കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി.