കൊറോണ വൈറസ്: പി.എം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉന്നതതലയോഗം വിളിച്ചു

ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി ഉന്നതതലയോഗം വിളിച്ചു.

രോഗത്തെ പ്രതിരോധിക്കാന്‍ ആശുപത്രികളില്‍ നടത്തിയിരിക്കുന്ന തയ്യാറെടുപ്പ്, ലബോറട്ടറി തയ്യാറെടുപ്പ്, ദ്രുത പ്രതികരണ സംഘങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയം ഏറ്റെടുത്ത വിപുലമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി.

വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നടത്തുന്ന ഏകോപന പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യ – കുടുംബകാര്യ മന്ത്രാലയം അധികൃതര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉറപ്പ് നല്‍കി.

ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി 115 വിമാനങ്ങളില്‍ നിന്നായി എത്തിയ 20,000 പേരെ ഇതുവരെ പരിശോധിച്ചു കഴിഞ്ഞു. വൈറസ് പരിശോധനകള്‍ നടത്തുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബുകള്‍ പൂര്‍ണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്.