കൊറോണ: ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഇന്ന് രാത്രി തിരിച്ചെത്തിക്കും

കൊറോണ വൈറസ് ബാധ തീവ്രമായ വുഹാനില്‍ നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കും. എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് ചൈനയില്‍ കുടുങ്ങിയ 400- ഓളം ഇന്ത്യക്കാരെ തിരിച്ചത്തിക്കുക. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം ലഭിച്ചു. നാട്ടിലേക്ക് തിരികെ വരാന്‍ താത്പര്യപ്പെടുന്ന എല്ലാവരെയും എത്തിക്കുമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

വുഹാന്‍ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തില്‍ ഒഴിപ്പിക്കുക. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന. ഹുബൈ പ്രവിശ്യയുടെ മറ്റുഭാഗങ്ങളില്‍ ഉള്ളവരെയാവും രണ്ടാമത്തെ വിമാനത്തില്‍ ഒഴിപ്പിക്കുക.

Read more

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 38- ലേറെ പേര്‍ മരിച്ചത് ഹുബൈ പ്രവിശ്യയിലാണ്. 1700-ലേറെ പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായും ചൈനീസ് അധികൃതര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.