മതില്‍ ചാടികടന്ന് പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ  സിബിഐ ഉദ്യോഗസ്ഥരില്‍ ഒരാളാണ് രാമസ്വാമി പാര്‍ഥസാരഥി. പേര് കേട്ടാല്‍ ചിലപ്പൊ മനസിലായെന്ന് വരില്ല. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് സിബിഐ ഡിവൈഎസ് പി രാമസ്വാമി പാര്‍ഥ സാരഥി.

അറസ്റ്റ് എന്ന് പറഞ്ഞാല്‍ അത്ര നിസാരമൊന്നുമായിരുന്നില്ല അത്. ആറടി പൊക്കമുള്ള കൂറ്റന്‍ മതില്‍ ചാടികടന്ന് അകത്ത് പ്രവേശിച്ചാണ് മുന്‍ ധനമമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവുമായി ചിദംബരത്തെ രാമസ്വാമി അറസ്റ്റ് ചെയ്തു കൊണ്ടു പോയത്. ശാന്തമായ പെരുമാറ്റത്തിന് പേരുകേട്ട രാമസ്വാമി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഐഎന്‍എക്‌സ് അഴിമതിക്കേസില്‍ 2018 ഫെബ്രുവരിയിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

സിബിഐ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് തമിഴ്‌നാട് സ്വദേശിയായ രാമസ്വാമി പ്രവര്‍ത്തിക്കുന്നത്. ഐഎന്‍എക്‌സ് അഴിമതിക്കേസില്‍ 2018 ഫെബ്രുവരിയില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതും ഇദ്ദേഹം തന്നെയാണ്. രാമസ്വാമി ഉള്‍പ്പെടെ ഏഴ് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥരെയാണ് ഇത്തവണ വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിക്കുന്നത്.