മതപരിവര്‍ത്തന പ്രതിജ്ഞ: ആം ആദ്മി പാര്‍ട്ടിക്കെതിരെ ഹിന്ദുവിരുദ്ധതയും കലാപശ്രമവും ആരോപിച്ച് ബി ജെ പി

പതിനയ്യായിരം ഹിന്ദു മത വിശ്വാസികള്‍ ബുദ്ധമതത്തിലേക്കു മാറിയ ചടങ്ങില്‍ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കില്ലന്ന് പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തതുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കെതിരെ ഹിന്ദു വിരുദ്ധത ആരോപിച്ച് ബി ജെ പി രംഗത്തെത്തി. എ എ പി മന്ത്രി രാംജേന്ദ്രപാല്‍ ഗൗതം പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുകയും പ്രതിജ്ഞ എടുക്കുയും ചെയ്തതിനെതിരെയാണ് ബി ജെ പി രംഗത്തെത്തിയത്. എ എ പി കലാപത്തിന് ശ്രമിക്കുകയാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

ബി.ആര്‍. അബേദ്കര്‍ അനുയായികള്‍ക്ക് നല്‍കിയ 22 പ്രതിജ്ഞയുടെ ഭാഗമാണ് ഈ പ്രതിജ്ഞയുമെന്നാണ് സംഘാടകരുടെ വാദം. നഗരത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് മതപരിവര്‍ത്തന സമ്മേളനമെന്ന് ബി.ജെ.പി ആരോപിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയതെന്ന് ബിജെപി എം.പി മനോജ് തിവാരി പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ഹിന്ദുവിരുദ്ധതയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും മനോജ് തിവാരി ആരോപിച്ചു.

Read more

എന്നാല്‍ ബിജെപിയുടെ ദേശവിരുദ്ധതയാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്ന് ഗൗതം തിരിച്ചടിച്ചു. താന്‍ ബുദ്ധമതത്തില്‍ വിശ്വസിക്കുന്നെങ്കില്‍ ബിജെപിക്ക് എന്താണ് പ്രശ്നമെന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ടെന്നും ഗൗതം പറഞ്ഞു.