ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിക്കുന്ന പരസ്യം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’. പത്രത്തിന്റെ മാർക്കറ്റിംഗ് വിഭാഗം നിർമ്മിച്ച പരസ്യത്തിന്റെ കവർ കൊളാഷിൽ ഒരു തെറ്റായ ചിത്രം അശ്രദ്ധമായി ഉൾപ്പെടുത്തി. പിശക് വന്നതിൽ അങ്ങേയറ്റം ഖേദിക്കുന്നു, പേപ്പറിന്റെ എല്ലാ ഡിജിറ്റൽ പതിപ്പുകളിൽ നിന്നും ചിത്രം നീക്കംചെയ്തു എന്നും ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ അറിയിച്ചു.
ഉത്തര്‍പ്രദേശിന്റെ വികസന പരസ്യത്തിൽ കൊൽക്കത്തയിലെ ഫ്ലൈ ഓവറും അമേരിക്കയിലെ ഫാക്ടറിയുമാണെന്ന് ആരോപണം ഉയർന്നിരുന്നു. പശ്ചിമ ബംഗാളിലെ മാ ഫ്ലൈ ഓവറാണ് പരസ്യത്തിലേതെന്നാണ് പ്രധാന ആരോപണം. യു.പിയെ മികച്ചതായിക്കാണിക്കാനുള്ള വ്യഗ്രതയിൽ യോഗി ആദിത്യനാഥ് കൊൽക്കത്തയിൽ മമത ബാനർജി കൊണ്ടുവന്ന അടിസ്ഥാന സൗകര്യ വികസനം ഉപയോഗപ്പെടുത്തി എന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം ട്വീറ്റ് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് യോഗി ആദിത്യനാഥ് ബംഗാൾ സന്ദർശിച്ചതിന് ശേഷം മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയോ യഥാർത്ഥ വികസനം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കുകയോ ചെയ്തിരിക്കാം ഫിർഹാദ് ഹക്കീം പരിഹസിച്ചു.
കൊൽക്കത്തയിലെ മാ ഫ്ലൈഓവർ, നമ്മുടെ ജെഡബ്ല്യു മാരിയറ്റ്, മഞ്ഞ ടാക്സികൾ എന്നിവ യുപിയുടെ പരസ്യത്തിൽ!- എന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു. യുപിയുടെ പരിവർത്തനമെന്നത് ബംഗാളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ചിത്രങ്ങൾ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.