മേക്കാദാട്ടു അണക്കെട്ട് നിർമ്മാണം; കർണാടക ബി.ജെ.പി സർക്കാരിന് എതിരെ തമിഴ്നാട് ബി.ജെ.പി

കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക ബി.ജെ.പി സർക്കാരിന്റെ നീക്കത്തിനെതിരെ തമിഴ്നാട് ബിജെപി. മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കരുതെന്നുള്ള ആവശ്യം ഉന്നയിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ വ്യാഴാഴ്ച തഞ്ചാവൂർ ജില്ലയിൽ ഒരു ദിവസത്തെ നിരാഹാര സമരം നടത്തി.

ബെംഗളൂരുവിനടുത്തുള്ള മേക്കാദാട്ടു പ്രദേശത്ത് അണക്കെട്ട് നിർമ്മിക്കുന്നതിനെച്ചൊല്ലി തമിഴ്നാട്, കർണാടക സർക്കാരുകൾ തമ്മിൽ തർക്കമുണ്ട്. അണക്കെട്ട് നിർമ്മിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും കത്തെഴുതിയിരുന്നു, അതിനുശേഷം എം.കെ സ്റ്റാലിൻ ഒരു സർവ്വകക്ഷി യോഗം ചേർന്നിരുന്നു.

അണക്കെട്ട് നിർമ്മിക്കുമെന്ന് കർണാടകയിലെ ബിജെപി സർക്കാർ നിലപാടെടുത്തപ്പോൾ തമിഴ്നാട് ഈ നീക്കത്തെ എതിർത്തു. ബെംഗളൂരു നഗരത്തിന് കുടിവെള്ളം ലഭ്യമാക്കാൻ മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

എന്നാൽ, തമിഴ്‌നാട്ടിലേക്കുള്ള കാവേരി നദിയുടെ അനിയന്ത്രിതമായ ഒഴുക്കിന്റെ ആദ്യ ഘട്ടം പിടിച്ചെടുക്കുകയും വഴിതിരിച്ചു വിടുകയും ചെയ്യുന്ന മേക്കാദാട്ടു പദ്ധതി നടപ്പാക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്ക് കുടിവെള്ളം നൽകാനുള്ള ഒരേയൊരു മാർഗ്ഗം മേക്കാദാട്ടു ആണെന്ന വാദം സ്വീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനും കർണാടക ബിജെപി സർക്കാരിനെ വിമർശിച്ചിരുന്നു. അണ്ണാമലൈയെയും നിലവിലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും പരിഹസിച്ച കമൽഹാസൻ കേന്ദ്ര സർക്കാരിന്റെ രണ്ട് ‘ബൊമ്മൈകൾ’ (പാവകൾ ) ആണ് ഇരുവരുമെന്നും പറഞ്ഞു.

‘ഇന്ത്യൻ സിനിമയിൽ ഡബിൾ ആക്ഷൻ റോളുകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും’ ഡബിൾ ആക്റ്റ്’ ചെയ്യുന്ന ആരെയും എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്നും അണ്ണാമലൈയുടെ നിരാഹാര സമരത്തെ പരാമർശിച്ചുകൊണ്ട് കമൽഹാസൻ പറഞ്ഞു.

അതേസമയം, ബസവരാജ് ബൊമ്മൈ പ്രശ്നം തള്ളിക്കളഞ്ഞു, “മേക്കാദാട്ടു ഞങ്ങളുടെ അവകാശമാണ്. അംഗീകാരം എടുക്കുകയും പദ്ധതി പൂർത്തിയാക്കുകയും ചെയ്യും. ആർക്കും നിരാഹാരമിരിക്കാം, ആർക്കും ഭക്ഷിക്കാം,” കർണാടക മുഖ്യമന്ത്രി പറഞ്ഞു.