കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണനയിൽ: കേന്ദ്രം

കോവിഡ് വാക്സിൻ രണ്ട് ഡോസ് കുത്തിവെയ്പ്പ് പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ ഇപ്പോൾ മുൻഗണന നൽകുന്നത് 12 നും 18 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിക്കുകയും എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ പൂർത്തിയാക്കുകയും ചെയ്യുക എന്നതാണെന്ന് കേന്ദ്രം പറഞ്ഞു.

ബൂസ്റ്റർ ഡോസ് ആവശ്യമായി വന്നേക്കാം എന്നാണ് സർക്കാർ കരുതുന്നത്. ഇതേ കുറിച്ച് ചില ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ നിലവിൽ എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ നൽകുന്നതിലും വാക്‌സിനേഷൻ പ്രക്രിയയിൽ കുട്ടികളെ ഉൾപ്പെടുത്തുന്ന കാര്യത്തിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുട്ടികൾക്കുള്ള സൈഡസ് കാഡില വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. വാക്‌സിൻ പ്രക്രിയയിലേക്ക് ഇത് (സൈഡസ് വാക്സിൻ) എങ്ങനെ അവതരിപ്പിക്കാം എന്നതിനെ കുറിച്ചാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്.

കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള പ്രഖ്യാപനം ഉണ്ടായാൽ സൈകോവ്-ഡി, സൈഡസ് കാഡില വാക്സിന് എന്നിവ വാക്സിൻ പ്രക്രിയയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും. ബുധനാഴ്ച രാത്രി വരെ, ഇന്ത്യയിൽ 236 ദശലക്ഷം ആളുകൾക്ക് രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകി, 409 ദശലക്ഷം പേർക്ക് ഒരു ഡോസ് വാക്സിൻ ലഭിച്ചു.