ഒരാളുടെ ചിത്രമുപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയത് 36 പേരെ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്, പട്ടികയില്‍ 60 ലക്ഷം വ്യാജന്മാരെന്നും ആരോപണം

Gambinos Ad
ript>

ഒരാളുടെ ചിത്രം ഉപയോഗിച്ച് ഒരു ബൂത്തില്‍ തന്നെ 36 പേരെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍. 60 ലക്ഷത്തോളം വ്യാജവോട്ടര്‍മാര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെന്നും ആര്‍ക്കു വേണ്ടിയാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സിബല്‍ ചോദിച്ചു.അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക്  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് കോണ്‍ഗ്രസും തിരഞ്ഞെടുപ്പു കമ്മീഷനും തമ്മിലുള്ള പോര് മുറുകുന്നത്.

Gambinos Ad

ഇതു സംബന്ധിച്ചു സിബിഐ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, പഴയ വോട്ടര്‍ പട്ടിക ഹാജരാക്കി തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കോണ്‍ഗ്രസ് ജൂണ്‍ മൂന്നിന് പരാതി സമര്‍പ്പിച്ചിരുന്നതായും അപാകത പരിഹരിച്ചതായി ജൂണ്‍ എട്ടിനു തന്നെ അവരെ അറിയിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ വികാസ് സിങ് അറിയിച്ചു.

ജൂലൈ 31ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും പിഴവുകളുള്ള പഴയ വോട്ടര്‍ പട്ടിക പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കമ്മീഷന്‍ ആരോപിച്ചു. ഏതന്വേഷണം നേരിടാനും തയ്യാറാണെന്ന് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ 60 ലക്ഷം വ്യാജവോട്ടര്‍മാരെ തിരുകിക്കയറ്റിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇരു വിഭാഗത്തിന്റെയും പ്രതികരണം.