കോണ്‍ഗ്രസിന്റെ കനത്ത തോല്‍വി: മൂന്ന് പി.സി.സി അദ്ധ്യക്ഷന്‍മാര്‍ രാജിവെച്ചു

നരേന്ദ്ര മോദി തരംഗത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ കനത്ത തോല്‍വിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. ബി ജെ പി കേവല ഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റും കടന്ന് 302 സീറ്റുകളാണ് ഒറ്റയ്ക്ക് നേടിയത്. കേരളത്തില്‍ തരംഗം ഉണ്ടാക്കിയ കോണ്‍ഗ്രസിന് മറ്റൊരു സംസ്ഥാനത്തും മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഇത്തവണയും കോണ്‍ഗ്രസിന് അവകാശം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മൂന്ന് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അദ്ധ്യക്ഷന്മാര്‍ രാജി വെച്ചു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാരാണ് നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്.

യു.പി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാജിക്കത്തയച്ചു. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ് രാജ് ബബ്ബറിന്റെ രാജി. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.
പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം സംസ്ഥാനത്ത് പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജി വെയ്ക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ബബ്ബര്‍ പറഞ്ഞു.

കോണ്‍ഗ്രസ് കര്‍ണാടക പ്രചാരണ തലവന്‍ എച്ച്. കെ. പാട്ടില്‍, ഒഡീഷ സംസ്ഥാന അദ്ധ്യക്ഷന്‍ നിരജ്ഞന്‍ പട്നായിക്ക് തുടങ്ങിയവരും രാജി വെച്ചു. അമേഠിയിലെ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി വെച്ചു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വെയ്ക്കാന്‍ രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചിരുന്നു. സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധിയെ പോലെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് വേണ്ട വിധത്തില്‍ കാര്യങ്ങള്‍ ചെയ്യുകയും മോദിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്ന നേതാവിനെ തന്നെ പ്രചാരണത്തിന് ഇറക്കിയിട്ടും യു പിയില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പഞ്ചാബും കേരളവും മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചത്. യു പിയില്‍ സോണിയ ഗാന്ധിയുടെ റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിനു ഒപ്പം നിന്നത്. ഈ കനത്ത പരാജയമാണ് നേതാക്കളെ നിരാശരാക്കിയതും രാജിയിലേക്ക് നയിച്ചതും.