രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം 20 മില്യണ്‍ ആയി ; ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം ഇരുപത് മില്യണ്‍ ആയതോടെ ട്വിറ്ററിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. തന്റെ അക്കൗണ്ടില്‍ ഫോളോവേഴ്സിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് കത്തയച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാഹുലിന്റെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം.

ഇത്രയും നാള്‍ മനഃപൂര്‍വം ട്വിറ്റര്‍ രാഹുലിന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറയ്ക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് വാദം. ‘രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് അയച്ച കത്തും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയും തെളിയിക്കുന്നത്, ബാഹ്യ സ്വാധീനം തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം മരവിപ്പിച്ചതെന്നാണ്,” കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 27 നാണ് രാഹുല്‍ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിന് കത്തയച്ചത്. 2021 ആഗസ്റ്റ് മുതല്‍ തന്റെ അക്കൗണ്ട് താല്‍ക്കാലികമായി ലോക്ക് ചെയ്തത് മുതല്‍ തന്റെ പിന്തുടരുന്നവരുടെ എണ്ണം മരവിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.