കോണ്‍ഗ്രസിന് ആവശ്യം ഒരു അമിത് ഷായെ; ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെയും ബിജെപിയെയും അഭിനന്ദിച്ച് മെഹബൂബ മുഫ്തി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ അഭിനന്ദിച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ചരിത്രപരമായ ജനവിധിയില്‍ നരേന്ദ്ര മോദിജീ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഇന്നത്തെ ദിവസം ബിജെപിയുടേതാണ്. കോണ്‍ഗ്രസിന് ആവശ്യം അമിത് ഷായെ പോലെ ഒരാളെയാണ് മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ബി.ജെ.പി.യുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ച മെഹബൂബ മുഫ്തിയുടെ പിഡിപിയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ ജനത പുറംന്തള്ളുന്നതാണ് കാണാനാവുന്നത്. അനായാസം ജയിച്ചിരുന്ന മുഫ്തിമാരുടെ കുടുംബ മണ്ഡലമായ അനന്ത്നാഗില്‍ മെഹബൂബ മുഫ്തി പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ടതില്‍ ദുഃഖമില്ലെന്നും അത് അംഗീകരിക്കുന്നുവെന്നും മെഹബൂബ വ്യക്തമാക്കി.

ഈ മണ്ഡലത്തില്‍ നിന്ന് ഞാന്‍ എന്റെ ജനങ്ങളുടെ സ്‌നേഹം നേടിയിട്ടുണ്ട്. എനിക്ക് വീഴ്ച്ചകളുണ്ടായാല്‍ തിരുത്താനുള്ള അവകാശവും അവര്‍ക്കുള്ളതാണ്. അവരുടെ വിധിയെഴുത്തിനെ പൂര്‍ണമായും മാനിക്കുന്നു.