സോമനാഥ് ക്ഷേത്രവിവാദം കൊഴുക്കുന്നു; രാഹുല്‍ ഹിന്ദുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദുവാണോ അതോ അഹിന്ദുവോ എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. എന്നാല്‍ വിവാദങ്ങള്‍ക്ക് മൂന്നു ചിത്രങ്ങളാണ് കോണ്‍ഗ്രസിന്റെ മറുപടി. ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചരണത്തിനിടെയാണ് പുതിയ വിവാദമുണ്ടായത്. ഇതിനു വഴിമരുന്നിട്ടതാകട്ടെ ബുധനാഴ്ച രാവിലെ പ്രചാരണത്തിനു മുന്നോടിയായി രാഹുല്‍ നടത്തിയ സോമനാഥ ക്ഷേത്ര സന്ദര്‍ശനവും. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി അഹിന്ദുക്കള്‍ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തേണ്ട റജിസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെയും പേര് എഴുതിച്ചേര്‍ത്തതാണു വിവാദമായത്.

എന്നാല്‍ വിവാദത്തിനിടെ പുറത്തു വന്ന മൂന്നു ചിത്രങ്ങള്‍ രാഹുലിനെ അനുകൂലിക്കുന്നവയാണ്. രാഹുല്‍ഗാന്ധി പിതാവ് രാജിവ് ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധി എന്നിവര്‍ക്കൊപ്പം പൂജ ചെയ്യുന്ന ചിത്രം, സഹോദരി പ്രിയങ്കാ ഗാന്ധിയുടെ വിവാഹചിത്രം, പൂജ ചെയ്യുന്ന രാഹുല്‍ എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

രാഹുലിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ മനോജ് ത്യാഗിയാണു അദ്ദേഹത്തിന്റെയും കോണ്‍ഗ്രസ് എംപി അഹമ്മദ് പട്ടേലിന്റെയും പേര് റജിസ്റ്ററില്‍ എഴുതിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ അകത്തേക്കു പ്രവേശിപ്പിക്കാന്‍ വേണ്ടി തന്റെ പേരു മാത്രമാണു റജിസ്റ്ററില്‍ എഴുതിയതെന്നു ത്യാഗി പ്രസ്താവനയില്‍ വ്യക്തമാക്കി. രാഹുലിന്റെയും പട്ടേലിന്റെയും പേരുകള്‍ എഴുതിച്ചേര്‍ത്തതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ക്ഷേത്രം ഭാരവാഹികള്‍ ഇതു നിഷേധിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനങ്ങളെ വിമര്‍ശിച്ച് നേരത്തേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. ക്ഷേത്രത്തില്‍ എങ്ങനെ ഇരിക്കണമെന്നു പോലും അറിയാത്തയാളാണ് രാഹുലെന്നായിരുന്നു യോഗിയുടെ വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങളുടെ തുടര്‍ച്ചയെന്നവണ്ണം സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ബിജെപി ക്യാംപിന്റെ ശ്രമം. ഇതിന്റെ ആദ്യനീക്കം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയയില്‍ നിന്നു തന്നെയുണ്ടായി. അവസാനം രാഹുല്‍ തന്റെ മതവിശ്വാസത്തിന്റെ കാര്യത്തില്‍ നയം വ്യക്തമാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഹിന്ദുമതത്തില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെന്തിനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന ചോദ്യവും അമിത് ഉന്നയിച്ചു. രാഹുലിന്റെ സോമനാഥ ക്ഷേത്ര സന്ദര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രൂക്ഷഭാഷയിലാണു വിമര്‍ശിച്ചത്.

ആരോപണങ്ങള്‍ക്കു മറുപടിയായി ക്ഷേത്രത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ രാഹുലിന്റെ കൈയ്യക്ഷരം കൂടി കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.