കോൺ​ഗ്രസ് അദ്ധ്യക്ഷനെ ജൂണിൽ തിരഞ്ഞെടുക്കും, സംഘടനാ തിരഞ്ഞെടുപ്പ് മേയ് മാസത്തിൽ

കോൺഗ്രസ്​ അദ്ധ്യക്ഷനെ ജൂണിൽ തിരഞ്ഞെടുക്കുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസ്​ പ്രവർത്തക സമിതിക്ക്​ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​. അദ്ധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും പ്രവർത്തക സമിതി യോ​ഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ്​ മേയിൽ നടക്കും. വരുന്ന അഞ്ച്​ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിക്കാത്ത വിധമാകും സംഘടന തിരഞ്ഞെടുപ്പ്​. ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണി​തെന്നും അദ്ദേഹം പറഞ്ഞു​.

കോൺ​ഗ്രസിലെ എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ഒരുവിഭാഗം നേതാക്കൾ പ്രവർത്തക സമിതിയിൽ അഭിപ്രായപ്പെട്ടു. ശൈലി മാറണമെന്ന് തിരുത്തൽവാദികളായ നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പ്രവർത്തക സമിതി ഇന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു.

കർഷക സമരത്തിന്​ പിന്തുണ തുടരാൻ​ എ.ഐ.സി.സി തീരുമാനിച്ചു. തുടർച്ചയായ സമരങ്ങൾ സംഘടിപ്പിക്കും. സമരം കണക്കിലെടുത്ത്​ സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ യോഗം ആവശ്യപ്പെട്ടു. രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങൾ അർണബ്​ ഗോസാമിക്ക്​ ലഭിച്ചത്​​ ജെ.പി.സി അ​ന്വേഷിക്കണം.

Read more

കോവിഡ്​ വാക്​സി​നേഷനോട് കോൺഗ്രസ്​​ സഹകരിക്കും. വാക്​സിൻ നിർമിച്ച ശാസ്​ത്രജ്​ഞരെ യോഗം അഭിനന്ദിച്ചു. അതേസമയം, പാർട്ടിയിൽ തിരുത്തൽവാദമുയർത്തിയ നേതാക്കൾക്കെതിരെ​ യോഗത്തിൽ വിമർശനം ഉയർന്നു. എന്നാൽ, പ്രവർത്തന ശൈലി മാറണമെന്നും നിയമസഭ തിരഞ്ഞെടുപ്പിന്​ മുമ്പ്​ അദ്ധ്യക്ഷനെ നിശ്ചയിക്കണമെന്നും തിരുത്തൽവാദമുയർത്തിയ നേതാക്കൾ ആവശ്യപ്പെട്ടു.