മോദിയുടെ കെട്ടിപിടുത്തങ്ങള്‍ 'ആലിംഗന നയതന്ത്ര'മെന്ന് കോണ്‍ഗ്രസ്; മാപ്പുപറയണമെന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കെട്ടിപ്പിടുത്തത്തെ ” ആലിംഗന നയതന്ത്ര”മെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹഗ്പ്ലോമസി (ആലിംഗന നയതന്ത്രം) എന്ന ഹാഷ് ടാഗോട് കൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് ഒരു മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയുടെ ഇത്തരം നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അതിന്റെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണെന്ന് സംഭവത്തെ കുറിച്ച് പ്രതികരിക്കവെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇയാദ് എല്‍ ബാഗ്ദാദി എന്ന പാലസ്തീനിയന്‍ അഭയാര്‍ത്ഥി മോഡിയുടെ ആലിംഗനങ്ങളെയും ലോകരാഷ്ട്രങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമ്പോഴുള്ള രീതികളെയും പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചിത്രങ്ങള്‍ ആക്ഷേപഹാസ്യം നിറഞ്ഞ അടിക്കുറിപ്പുകളോടെയാണു ബാഗ്ദാദി ട്വീറ്റ് ചെയ്തത്. മോഡിയുടെ “പെഴ്‌സണല്‍ സ്‌പേസ് ” പ്രശ്‌നങ്ങള്‍ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.