കുട്ടികള്‍ നേരാംവണ്ണം ചരിത്രം പഠിക്കണം; സവര്‍ക്കറുടെ ജീവചരിത്രത്തിലെ ആര്‍.എസ്.എസ് അജണ്ട തിരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

കുട്ടികള്‍ക്ക് നേരായ ചരിത്രം പഠിക്കാനായി പാഠ്യക്രമത്തിലെ വീര്‍ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ മാറ്റം വരുത്തുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ആര്‍ എസ് എസ് സൈദ്ധാന്തികനുമായിരുന്ന സവര്‍ക്കറെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആണിക്കല്ലായി ചിത്രീകരിക്കുന്ന പാഠഭാഗം വസുന്ധര രാജെ സര്‍ക്കാരാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതെ സമയം സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ച് വേണ്ട പരിഗണന നല്‍കിയുമില്ല. ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയില്‍ ബിജെപി ഭരണകാലത്ത് നടത്തിയ മാറ്റങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നത്.

ഇതിന് ചുമതലപ്പെടുത്തിയ സമിതിയാണ് സവര്‍ക്കറുടെ പാഠഭാഗത്ത് ചരിത്രത്തോട് നീതി പുലര്‍ത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശിച്ചത്. സവര്‍ക്കറെ ചിത്രീകരിച്ചിരിക്കുന്നത് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണെന്നും ഇത് വസുന്ധര രാജെയുടെ ആര്‍ എസ് എസ് അജണ്ടയാണെന്നും അതാണ് തിരുത്തുന്നതെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് ദൊത്താസര പറഞ്ഞു. ബി ജെ പി സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി മാറ്റി മറിക്കാനുള്ള പരീക്ഷണശാലയായിട്ടാണ് കണ്ടതെന്നും അതുകൊണ്ടാണ് സവര്‍ക്കറുടെ ജീവചരിത്രത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി അതൃപ്തി രേഖപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ ക്രെഡിറ്റും സവര്‍ക്കര്‍ക്ക് നല്‍കി മറ്റ് സമര സേനാനികളെ തമസ്‌കരിക്കുകയായിരുന്നു മുന്‍ ബി ജെ പി സര്‍ക്കാര്‍. ബ്രീട്ടീഷ് സര്‍ക്കാരിന് പല കുറി മാപ്പെഴുതി നല്‍കി തടിയൂരിയ ആളാണ് സവര്‍ക്കര്‍. എന്നാല്‍ ജീവന്‍ ഉപേക്ഷിച്ചും പോരാടി മരിച്ച സ്വാതന്ത്ര്യ സമരഭടന്‍മാരെ സിലബസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.