'ഉന്നാവൊ കുറ്റവാളികള്‍ക്ക് ധൈര്യം നല്‍കിയത് ബി.ജെ.പി'; സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ബി.ജെ.പി പ്രത്യയശാസ്ത്രമെന്നും കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ലൈംഗികാക്രമണം അതിജീവിച്ച പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ജീവനോടെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും കോണ്‍ഗ്രസ് വക്താവ് രാഗിണി നായിക് ചോദിച്ചു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സ്ത്രീകള്‍ക്ക് എതിരായ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമാണ് ഇതിന് കാരണം. കുല്‍ദീപ് സിംഗ് സെംഗാറിനെ പോലുള്ളവര്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷണം നല്‍കിയിരുന്നില്ലെങ്കില്‍ മറ്റൊരു മകളെ ചുട്ടുകൊല്ലാന്‍ ഉന്നാവോ കുറ്റവാളികള്‍ക്ക് ധൈര്യം ഉണ്ടാകുമായിരുന്നില്ല. തങ്ങളുടെ പെണ്‍മക്കളെ ബി.ജെ.പി നേതാക്കളില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ടെന്നാണ് ആളുകള്‍ പറയുന്നതെന്നാണ് രാഗിണി നായിക് മാധ്യമങ്ങളോട് പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗികാതിക്രമത്തിന് ഇരയായതിന് പിന്നാലെ പ്രതികള്‍ തീകൊളുത്തിയ യുവതി ഇന്നലെ രാത്രിയാണ് മരിച്ചത്. ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ യുവതിയെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയില്‍ എത്തിച്ചത്.

സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായിട്ടുണ്ട്. ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പേരുള്‍പ്പെടെയാണ് പൊലിസ് പിടിയിലായിട്ടുള്ളത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകും വഴി യുവതിയെ തട്ടികൊണ്ടു പോയി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.