'സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിൽ വർഗീയത, രാജ്യത്തിന് ചീത്തപേര് വരുത്തുന്നു'; വിമർശിച്ച് സുപ്രീംകോടതി

സമൂഹ മാധ്യമങ്ങളിലെ വാർത്തയുടെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജവാർത്തകളാൽ നിറഞ്ഞിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിമർശനം.

”സമൂഹ മാധ്യമങ്ങളിലെ വാർത്താ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ നിലവിൽ സംവിധാനമില്ല. വാർത്തകൾക്ക് സാമുദായിക നിറം നൽകാൻ ശ്രമം നടക്കുന്നുണ്ട്, അതാണ് പ്രശ്നം. അത് ആത്യന്തികമായി രാജ്യത്തിന് ചീത്തപ്പേര് കൊണ്ടുവരുന്നു ”- സുപ്രീംകോടതി നിരീക്ഷിച്ചു.  ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാൻ എന്ത് നടപടിയെടുത്തെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

ട്വിറ്റർ, ഫെയ്സ്ബുക്ക്. യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങൾ ജഡ്ജിമാരോട് പ്രതികരിക്കുന്നില്ലെന്നും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെയാണ് സ്ഥാപനങ്ങൾക്കെതിരെ എഴുതുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. “പ്രബലരായ വ്യക്തികളോട്” മാത്രമാണ് അവർ പ്രതികരിക്കുന്നതെന്നും രമണ കൂട്ടിച്ചേർത്തു.