ജന്തർ മന്തറിൽ വർഗീയ മുദ്രാവാക്യം; ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

ജന്തർ മന്തറിൽ വർഗീയ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ഉൾപ്പടെ മൂന്ന് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച പുലർച്ചയോടെയാണ് അശ്വിനി ഉപാധ്യായ കൊണാട്ട്പ്ലേസ് പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായാത്. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്​ചയാണ്​ കേസിന്​ ആസ്​പദമായ സംഭവം. ജയ് ശ്രീറാം മുഴക്കിയെത്തിയവർ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

വൈറലായതോടെ വീഡിയോയിലുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നിയമം അനുശാസിക്കുന്നതിന്​ അനുസരിച്ച്​ കേസ്​ കൈകാര്യം ചെയ്യുമെന്നും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ അനുവദിക്കില്ലെന്നും ഡൽഹി പൊലീസ്​ പറഞ്ഞു.

കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധവുമായി എത്തിയവരാണ് വർഗീയ മുദ്രാവാക്യം വിളിച്ചത്. ഉത്തർപ്രദേശിൽ നിന്നടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നുവെന്നാണ് പൊലീസ് നിഗമനം.

ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ വീഡിയോയിൽ കാണുന്നവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അശ്വിനി പറയുന്നത്.