ഡൽഹിയിൽ പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ച ചൈനീസ്, നേപ്പാൾ പൗരന്മാർ അറസ്റ്റിൽ

ഒരു ചൈനീസ് യുവതിയെയും അവരുടെ നേപ്പാളിയായ കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനായി സ്വതന്ത്ര മാധ്യമ പ്രവർത്തകനായ രാജീവ് ശർമയ്ക്ക് ഇവർ വൻ തുക നൽകിയതായാണ് പൊലീസ് ആരോപിക്കുന്നത്.

“ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതിന് സ്വതന്ത്ര മാധ്യമ പ്രവർത്തൻ രാജീവ് ശർമയെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് വ്യാജ കമ്പനികൾ വഴി വലിയ തുക നൽകിയതിന് ഒരു ചൈനീസ് യുവതിയെയും ഇവരുടെ പങ്കാളിയായ നേപ്പാൾ പൗരനെയും അറസ്റ്റ് ചെയ്തു. വലിയ തുകയ്ക്ക് പകരമായി തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറാൻ ചൈനീസ് ഇന്റലിജൻസ് മാധ്യമപ്രവർത്തകനെ ചുമതലപ്പെടുത്തിയിരുന്നു,” പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നിരവധി മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കൈവശം വെച്ചിരുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിതംപുര നിവാസിയും പത്രപ്രവർത്തകനുമായ രാജീവ് ശർമയെ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം പങ്കുവെയ്ക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സ്‌പെഷ്യൽ സെൽ) സഞ്ജീവ് കുമാർ യാദവ് പറഞ്ഞു.