ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 80 ആയി

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80 ആയി. ബിഹാറിലെ മുസഫര്‍പൂരിലാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുസഫര്‍പൂര്‍ സന്ദര്‍ശിക്കും.

മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും കെജ്‌രിവാള്‍ മൈത്രിസദന്‍ ആശുപത്രിയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെയാണ്. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്.

രണ്ട് ദിവസം മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 57 ആയിരുന്നു. ഇതാണ് കുത്തനെ കൂടിയിരിക്കുന്നത്. കെജ്‌രിവാള്‍ മൈത്രിസദനിലെ അഞ്ച് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

നേരത്തെ, മരിച്ച എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞിരുന്നു.

ലിച്ചി പഴത്തിലുള്ള വിഷാംശമാണ് കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിന് കാരണമായതെന്നും മരണത്തിലേക്ക് നയിച്ചതെന്നും  ആരോഗ്യ വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. 2015- ല്‍ അമേരിക്കന്‍ ഗവേഷകര്‍ ലിച്ചി പഴത്തില്‍ മരണം വരെ സംഭവിക്കാന്‍ കഴിയുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.