മക്കളുടെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തു; പ്രിയങ്ക ഗാന്ധിയുടെ പരാതി ഐ.ടി മന്ത്രാലയം പരിശോധിക്കും

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഐടി മന്ത്രാലയം ഉത്തരവിട്ടു. എന്നാല്‍ സംഭവത്തില്‍ പ്രിയങ്ക ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്റെ ഫോണുകള്‍ നിരന്തരം ചോര്‍ത്തുകയാണെന്നും മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്തു എന്നും പ്രിയങ്കാ ഗാന്ധി ചൊവ്വാഴ്ച ആരോപണം ഉയര്‍ത്തിയിരുന്നു. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രിയങ്ക ചോദിച്ചിരുന്നു.

യോഗി സര്‍ക്കാര്‍ തന്റെയും സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഞായറാഴ്ച രംഗത്തെത്തിയിരുന്നു. എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ അഖിലേഷ് അധികാരത്തിലിരിക്കുമ്പോള്‍ സമാനമായ എന്തെങ്കിലും ചെയ്തിരിക്കാം, അതുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എന്ന യോഗി ആദിത്യനാഥും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.