ജനങ്ങള്‍ക്ക് ഹൈക്കോടതിയില്‍ പോകാന്‍ കഴിയുന്നില്ലെന്ന ആരോപണം; ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

ആവശ്യം വന്നാല്‍ കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് സുപ്രീം കോടതി നിരീക്ഷണം. ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി.

ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ആരോപണം സത്യമാണെങ്കില്‍ താന്‍ കശ്മീരില്‍ പോയി നടപടി സ്വീകരിക്കും എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ജമ്മു കശ്മീരില്‍ സാധാരണ ജീവിത സാഹചര്യം തിരിച്ചു വന്നുവെന്ന് ഉറപ്പു വരുത്താനായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നു- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്.എ ബോബ്ഡെയും എസ്.എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങള്‍.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അതുമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാഷിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.