ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകില്ല; ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍(ഇ.വി.എം) ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാം എന്നാല്‍ അവയില്‍ കൃത്രിമം കാണിക്കാനോ അനാവശ്യ ഇടപെടല്‍ നടത്താനോ സാധിക്കില്ലെന്ന് അറോറ വ്യക്തമാക്കി.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് തന്നോട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സാദ്ധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ദീപാവലിക്കു ശേഷം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കവും പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.