ധനമന്ത്രി വകയിരുത്തിയ തുക ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗം: പി. ചിദംബരം

കൊറോണ വൈറസ് ലോക്ക് ഡൗണിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ ആഘാതം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ അവതരണം കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയിരുന്നു. അതേസമയം 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളെ വിശദമായി ചോദ്യം ചെയ്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി ചിദംബരം.

ഫെബ്രുവരിയിൽ സർക്കാർ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമാണ് വെള്ളിയാഴ്ച വൈകുന്നേരം പ്രഖ്യാപിച്ച രണ്ട് നടപടികളായ തേനീച്ച വളർത്തലിന് 500 കോടി രൂപയും വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പിന് 13,343 കോടി രൂപയും എന്ന് മുൻ ധനമന്ത്രി പി ചിദംബരം ചൂണ്ടിക്കാട്ടി. ഇതിനായി ഫണ്ട് അനുവദിക്കുന്നത് സ്ഥിരീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്നലെ പ്രഖ്യാപിച്ച തുക (500 കോടി രൂപ, 13,343 കോടി രൂപ) ചെലവ് ബജറ്റിലോ അധിക തുകകളിലോ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ധനമന്ത്രിക്ക് വ്യക്തമാക്കാം,” ചിദംബരം ട്വീറ്റ് ചെയ്തു.

സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിന് വേണ്ടിയുള്ള സാമ്പത്തിക നടപടികളുടെ മൂന്നാമത്തെ ഭാഗം വെള്ളിയാഴ്ച നിർമ്മല സീതാരാമൻ അവതരിപ്പിച്ചു; ഇത് പ്രധാനമായും കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തേനീച്ചവളർത്തലിനും മൃഗസംരക്ഷണത്തിനുമായി വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. അതേസമയം നിർമ്മല സീതാരാമന്റെ പ്രഖ്യാപനങ്ങൾ സംബന്ധിച്ച “വിശകലനങ്ങളുടെയും ചർച്ചയുടെയും ഒരു പുതിയ പരമ്പര ആരംഭിക്കും” എന്ന് ഇന്ന് രാവിലെ ചിദംബരം ട്വീറ്റ് ചെയ്തു. ദേശീയ ഹോർട്ടികൾച്ചർ മിഷന്റെ കീഴിൽ തേനീച്ച വളർത്തലിനായി 2020/21 ബജറ്റിൽ 2,400 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, അനിമൽ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന് കീഴിൽ മൃഗങ്ങളിലെ കാൽ-വായ രോഗത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി അഞ്ചുവർഷത്തെക്ക് 13,343 കോടി രൂപയും 2020-21ൽ 1300 കോടി രൂപയും ഇതിനോടകം വകയിരുത്തിയതാണെന്ന് ചിദംബരം കൂട്ടിച്ചേർത്തു.