'വിഡ്ഢിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം എന്തിനാണ് ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി',മോദിയുടെ വിവരക്കേടിനെ കടന്നാക്രമിച്ച് ചെന്നിത്തല

വിവരക്കേടുകളും വിഡ്ഢിത്തങ്ങളും വിളമ്പി രാജ്യത്തെ 120 കോടി ജനങ്ങളെ നരേന്ദ്രമോദി നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും വിഡ്ഢിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ഇങ്ങിനെ ഒരു പ്രധാനമന്ത്രിയെ ഇന്ത്യക്ക് ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ ദിവസവും ജനങ്ങള്‍ക്ക് ചിരിക്കാനുള്ള വകയുണ്ടാക്കി നല്‍കലല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജോലി.

ഡിജിറ്റല്‍ ക്യാമറയും, ഇമെയിലും താന്‍ 30 വര്‍ഷം ഉപയോഗിച്ചുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോലെ ഒരാള്‍ പറയുമ്പോള്‍ കൊച്ചുകുട്ടികള്‍ പോലും ചിരിക്കുകയാണ്. ജവഹര്‍ലാന്‍ നെഹ്റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള അതുല്യരായ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച കസേരിയിലിരുന്നാണ് മോദി ഈ വിടുവായത്തങ്ങളെല്ലാം വാരി വിളമ്പുന്നതെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ “റഡാര്‍” തിയറി ഉപയോഗിച്ചാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് ട്രോളുകളുടെ ഘോഷയാത്രയായിരുന്നു. പിന്നാലെയാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യവ്യക്തി താനാണെന്ന പുതിയ അവകാശവാദവും.

1987-88 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നാണ് മോദി പറഞ്ഞത്. താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇ മെയില്‍ വഴി അദ്വാനിയ്ക്ക് അയച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യവും പറഞ്ഞത്.

ലോകത്തിലെ മുമ്പില്‍ ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു കോമാളിയെ പോലെ നില്‍ക്കുകയാണ്. നാണക്കേട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടിയാണെന്ന് മോദി തിരിച്ചറിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.