ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയപ്പോള്‍ ജയിലിലെ കൂട്ടുകാരെ പിരിയാന്‍ വയ്യാത്ത അവസ്ഥ; വീണ്ടും ജയിലിലേക്ക് തിരിച്ചു പോകാന്‍ ബൈക്ക് മോഷണം; പോലീസുകാരും ഞെട്ടി!

മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തി അകത്തായി! ചെന്നൈ സ്വദേശി ജ്ഞാനപ്രകാശമാണ് വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തിയത്. മൂന്നുനേരം ഭക്ഷണം ലഭിക്കും, നല്ല കൂട്ടുകാരുണ്ട് പിന്നെന്തിന് വീട്ടിലേക്ക് പോകണമെന്നാണ് ജ്ഞാനപ്രകാശം ചോദിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് ജ്ഞാനപ്രകാശത്തെ മോഷണക്കേസില്‍ ആദ്യമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പുഴല്‍ ജയിലില്‍ തടവിലാക്കുകയും ചെയ്തു. ജൂണ്‍ 29-ന് ജ്ഞാനപ്രകാശം ജാമ്യത്തിലിറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴാണ് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്ന് തോന്നിയത്. വീട്ടില്‍ തനിക്ക് ഒരു വിലയുമില്ലെന്നും ഭാര്യയും മക്കളും ഉപദ്രവിക്കുകയാണെന്നുമായിരുന്നു പരാതി. ഇതോടെ എങ്ങനെയും ജയിലിലെ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങണമെന്ന ആഗ്രഹം കലശലായി.

കൈലാസപുരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചാണ് ജ്ഞാനപ്രകാശം തന്റെ ആഗ്രഹം നിറവേറ്റാനിറങ്ങിയത്. ഇതിനായി സി.സി.ടി.വി. സ്ഥാപിച്ച സ്ഥലം തന്നെ തിരഞ്ഞെടുത്തു. എങ്ങനെയെങ്കിലും പോലീസിന്റെ പിടിയിലായി ജയിലിലേക്ക് മടങ്ങുക മാത്രമായിരുന്നു ലക്ഷ്യം. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ധനം തീര്‍ന്നെങ്കിലും മറ്റുവാഹനങ്ങളില്‍ നിന്ന് പെട്രോളും മോഷ്ടിച്ചു. ഇതിനിടെയാണ് നാട്ടുകാര്‍ ജ്ഞാനപ്രകാശത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പോലീസ് സ്റ്റേഷനിലെത്തിച്ച ജ്ഞാനപ്രകാശം മനസ്സ് തുറന്നപ്പോള്‍ പോലീസുകാരും ഞെട്ടിപ്പോയി.

Read more

ജയിലിലെ കൂട്ടുകാരെ പിരിഞ്ഞു നില്‍ക്കുന്നതില്‍ തനിക്ക് വലിയ ദു:ഖമുണ്ടെന്നായിരുന്നു ജ്ഞാനപ്രകാശത്തിന്റെ മൊഴി. ജയിലില്‍ മൂന്നു നേരം ലഭിക്കുന്ന ഭക്ഷണം തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്നും കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നത് വലിയ കാര്യമാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്തായാലും ജ്ഞാനപ്രകാശം ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങള്‍ നടന്നു. മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത ഇയാളെ വീണ്ടും പുഴല്‍ ജയിലിലേക്കാണ് അയച്ചത്.