ചന്ദ്രയാന്‍ -2 വിന്റെ വിക്ഷേപണ തിയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ചന്ദ്രയാന്‍ -2 ന്റെ മാറ്റിവെച്ച വിക്ഷേപണ തിയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല . തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍ -2 ന്റെ വിക്ഷേപണം ജി.എസ്.എല്‍.വിയുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീട്ടിവെച്ചത്.56 മിനിട്ടും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെയായിരുന്നു ദൗത്യം നിര്‍ത്തിവെച്ചത്.

വിക്ഷേപണത്തിന്റെ സമയം പുതുക്കി നിശ്ചയിക്കുമ്പോള്‍ കപ്പലുകളുടെയും വിമാനങ്ങളുടെയുമെല്ലാം സഞ്ചാരപഥത്തെയും ചന്ദ്രനിലെ സാഹചര്യത്തെയും വിശദമായി പഠിക്കണം. ഇതെല്ലാം പരിഗണിച്ചായിരിക്കും വിക്ഷേപണ ദിവസം നിശ്ചയിക്കുക.

ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാത്സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് ചന്ദ്രയാന്‍-രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രനെ വലംവെയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍ -2.