വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ കമ്മീഷന് താത്പര്യമില്ല, ജനവിധി അട്ടിമറിക്കപ്പെടരുത്; ചന്ദ്രബാബു നായിഡു

വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യത്തോട് തിരഞ്ഞെടുപ്പ് കമ്മീഷനു താത്പര്യമില്ലെന്ന് ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു.
“ഞങ്ങളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ ഒട്ടേറെത്തവണ അറിയിച്ചതാണ്. സുപ്രീം കോടതി വരെ പോയതുമാണ്. ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റിലെ രസീതുകള്‍ എണ്ണുന്നത് വോട്ടെണ്ണലിന്റെ ആദ്യം തന്നെ ചെയ്യണം. അതില്‍ കമ്മീഷനു താത്പര്യമില്ല. അതിലെന്തെങ്കിലും പിഴവ് കാണുകയാണെങ്കില്‍ മുഴുവന്‍ വിവി പാറ്റുകളും എണ്ണി അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫലം പ്രഖ്യാപിക്കേണ്ടത് എന്നാണു ഞങ്ങളുടെ ആവശ്യം. ഇതിലെന്താണ് കമ്മീഷനു പ്രശ്നമെന്നു മനസ്സിലാകുന്നില്ല. “- അദ്ദേഹം പറഞ്ഞു.

ജനവിധി ഒരിക്കലും അട്ടിമറിക്കപ്പെടാന്‍ പാടില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ജനവിധി അട്ടിമറിക്കപ്പെടാന്‍ പാടില്ല. അതിനെ ബഹുമാനിക്കണമെന്നാണു ഞങ്ങള്‍ പറയുന്നത്. കമ്മീഷന്‍ പറയുന്നത് ഒരു രക്തസാമ്പിള്‍ മതിയെന്നാണ്. പക്ഷേ ആ സാമ്പിളില്‍ ശരീരത്തിലെ മുഴുവന്‍ മാലിന്യവും കണ്ടാല്‍ നിങ്ങള്‍ക്ക് ആ ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യേണ്ടി വരില്ലേയെന്നും നായിഡു ചോദിച്ചു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, സിങ്വി, ബി.എസ്.പിയുടെ സതീഷ് ചന്ദ്ര മിശ്ര, എസ്.പിയുടെ രാംഗോപാല്‍ യാദവ്, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ തുടങ്ങിയവരാണു നേരത്തേ കമ്മീഷനെ കണ്ടത്